വീട് എന്നത് നമ്മുടെ സ്വപ്ന സാക്ഷാത്കാരമാണ്. മൂന്നില്‍ രണ്ടു സമയവും ചെലവിടുന്ന നമ്മുടെ ഇടം. അകത്തളത്തു തന്നെ ചലിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന വശ്യതയാണ് വീട് എന്നതില്‍ നിന്നും പലരും ആഗ്രഹിക്കുന്നത്. പണി തീരുമ്പോഴാണ് അകത്തളത്തിന്‍റെ ഭംഗിയെ കുറിച്ച് പലരും ചിന്തിക്കുക. നവീന ഡിസൈനുകളിലുള്ള ഫര്‍ണിച്ചറുകളും അലങ്കാര വസ്തുക്കളും വാങ്ങി നിറക്കുന്നതല്ല അകത്തള ക്രമീകരണം.വീടിനകത്ത് സൗന്ദര്യവും സൗകര്യവും ഒരുപോലെ ഇഴചേരണം. വീട്ടിലേക്ക് കയറിചെല്ലുന്ന ഇടം മുതല്‍ ഒരോ ഇഞ്ചിലും മനസുപതിയണം. അതാണ് ഇന്‍റീരിയര്‍ ഡിസൈനറുടെ വിജയം. വീട്ടില്‍ താമസിക്കുന്നവരുടെ ജീവിതശൈലിക്കും അഭിരുചിക്കും ഇണങ്ങുന്ന വിധം ഭാവിയിലേക്ക് അവരുടെ ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് ഡിസൈനര്‍ പ്ളാന്‍ തയാറാക്കേണ്ടത്. കുടുംബത്തിന്‍റെ പ്രകടമായ ആവശ്യങ്ങള്‍ മാത്രമല്ല, സൂഷ്മമായ ആവശ്യങ്ങള്‍ കൂടി മനസിലാക്കേണ്ടതുണ്ട്. അവിടെ അലങ്കാരങ്ങള്‍ക്കല്ല പ്രാമുഖ്യം അവരുടെ ജീവിതം വീടിനകത്ത് ഭംഗിയായി നടക്കുക എന്നതാണ്.

 

 

ഇന്‍റീരിയര്‍ ഡിസൈനിങ് അലങ്കാരത്തിനു മാത്രമല്ല, സൗകര്യത്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. ഒരോ മുറിയുടെയും ഘടനക്കും ആവശ്യത്തിനും ഇണങ്ങുന്ന ഫര്‍ണിച്ചര്‍,ഫര്‍ണിഷിങ് മെറ്റീരിയല്‍ എന്നിവയെല്ലാം ശ്രദ്ധപൂര്‍വ്വം തെരഞ്ഞെടുക്കണം. ഫര്‍ണിച്ചര്‍, സ്റ്റോറേജ് എന്നീ ഘടകങ്ങളില്ലാത്ത ഏരിയ വീടിനുള്ളില്‍ ഇല്ളെന്നു തന്നെ പറയാം. സ്വീകരണ മുറിയില്‍ സോഫ, ടീപോയ്, കോഫി ടേബിള്‍, കോര്‍ണര്‍ ടേബിള്‍, ടിവി എന്നിവയെല്ലാമാണ് ഉണ്ടായിരിക്കുക. വലിയ ലിവിങ് സ്പേസാണെങ്കില്‍ റീഡിങ് കോര്‍ണര്‍ കൂടി ഇവിടെ ആവശ്യപ്പെടുന്നവരുമുണ്ട്.ലിവിങ് സ്പേസിലേക്കുള്ള തുറക്കുന്ന വാതിലുകള്‍, ജനലുകള്‍ എന്നിവ മനസിലാക്കി വേണം ഫര്‍ണിഷ് ചെയ്യാന്‍. എല്ലാവര്‍ക്കും അഭിമുഖമായിരുന്ന് സംസാരിക്കാന്‍ കഴിയുന്ന തരത്തില്‍ വേണം സോഫ ഒരുക്കാന്‍. ടീപോയ്യുടെ ഉയരവും സോഫയുടെ ഉയരവുമായി ബന്ധം വേണം. ഇവിടെ ടി.വി വെക്കുകയാണെങ്കില്‍ അതിരിക്കുന്ന ഭിത്തി ഫോക്കല്‍ പോയിന്‍റായി വരുന്ന രീതിയിലാണ് ഡിസൈന്‍ ചെയ്യേണ്ടത്.

ഹാര്‍ഡ് ഫര്‍ണിഷിങ്

ഹാര്‍ഡ് ഫര്‍ണിഷിങ്ങില്‍ ശ്രദ്ധിക്കേണ്ട ഇടമാണ് ഡൈനിങ് ഹാള്‍. താമസക്കാരുടെ എണ്ണത്തിനും സൗകര്യത്തിനുമനുസരിച്ച് വേണം ഡൈനിങ് ടേബിളും കസേരകളും തെരഞ്ഞെടുക്കാന്‍. മുറിയുടെ വലുപ്പത്തിന് അനുയോജ്യമായ ഡിസൈനിലുള്ള ടേബിളും കസേരകളും സജീകരിക്കാന്‍ ശ്രദ്ധിക്കണം. ടേബിളിന്‍്റെ മുകളില്‍ പഴങ്ങള്‍ വെക്കാനുള്ള തട്ടോ, മെഴുകിതിരിയോ ഫ്ളവര്‍ പോട്ടോ വെച്ച് അലങ്കരിക്കാം. ഡൈനിങ് ടേബിളിനു മുകളില്‍ പെന്‍്റന്‍്റ് ലൈറ്റ് ഉപയോഗിച്ചാല്‍ പ്രത്യേക ഭംഗി ലഭിക്കും. ക്രോക്കറി വെക്കാനുള്ള ഷെല്‍ഫ് ഇവിടെ സജീകരിച്ചിട്ടുണ്ടെങ്കില്‍ പ്രത്യേക രീതിയില്‍ വെളിച്ചവിതാനം നല്‍കി മനോഹരമാക്കാവുന്നതാണ്.

ഏറ്റവും കൂടുതല്‍ ഹാര്‍ഡ് ഫര്‍ണിഷ് ചെയ്യേണ്ടി വരുന്നയിടം കിടപ്പുമുറിയാണ്. കട്ടില്‍, ഡ്രസിങ് ടേബിള്‍, സൈഡ് ടേബിള്‍ എന്നിങ്ങനെയുള്ള ഫര്‍ണിച്ചറെല്ലാം ഒരുക്കേണ്ടിവരുമ്പോള്‍ സൂക്ഷ്മ വേണ്ടയിടവുമാണിത്. കട്ടിലാണ് കിടപ്പുമുറിയില്‍ പ്രധാനം. കട്ടില്‍ മുറിയുടെ വലുപ്പത്തിന് ആനുപാതികമായിരിക്കണം. സൈഡ് ടേബിളുകള്‍ ആവശ്യത്തെ മുന്‍നിര്‍ത്തിയാവണം ഡിസൈന്‍ ചേയ്യേണ്ടത്. വസ്ത്രങ്ങള്‍ സൂക്ഷിക്കാനുള്ള വാര്‍ഡ്രോബുകള്‍ ബാത്റൂമിനോടു ചേര്‍ന്ന ചുവരില്‍ സജീകരിക്കുകയാണ് നല്ലത്. മുറിയുടെ ആകൃതിക്കനുസരിച്ച് വേണം കബോര്‍ഡുകള്‍ ഒരുക്കാന്‍. കട്ടിലിന്‍റെ താഴെ സ്റ്റോറേജ് ഉണ്ടെങ്കില്‍ ബെഡ് ഷീറ്റുകള്‍, തലയിണ, കുഷനുകള്‍ എന്നിവ സൂക്ഷിക്കാം.