സ്വന്തമായി ഒരു വീട് വയ്ക്കുക എന്നാ സ്വപ്നം യാഥാർത്ഥ്യമായി കഴിഞ്ഞാൽ പിന്നെ, അടുത്ത ആഗ്രഹം വീട് മനോഹരമാക്കുന്നതിനായി ഫർണിച്ചറുകളും മറ്റും വാങ്ങുക എന്നതാണ്. എന്നാൽ ഈ മേഖലയിൽ തന്നെയാണ് ജനങ്ങൾ ഏറ്റവും കൂടുതൽ മണ്ടത്തരം കാണിക്കുന്നതും. വീടിന്റെ വലുപ്പം അനുസരിച്ച്, വലുപ്പമുള്ള ഫര്‍ണിച്ചറുകള്‍ തിരഞ്ഞെടുക്കാന്‍പലരും ശ്രദ്ധിക്കാറില്ല. കടയിൽ പോയി നോക്കി, ഒരെണ്ണം കണ്ട് ഇഷ്ടപ്പെട്ടാൽ , അപ്പോൾ അതങ്ങ് വാങ്ങി കൊണ്ട് വരും. പിന്നെ വീടിന് ചേരില്ല എന്ന് മനസിലാക്കി വരുമ്പോഴേക്കും സംഗതി തലവേദനയായി മാറുകയും ചെയ്യും. ഇതാ ഫർണിച്ചർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ

1. നല്ല ഫിനിഷിംഗ്‌ ഉറപ്പു വരുത്തുക

കേടുപാടുകളും മറ്റും മറയ്‌ക്കാനായി പെയിന്റ്‌ ചെയ്‌തിട്ടില്ലാത്തവ മാത്രം തെരഞ്ഞെടുക്കുക. ചൂരലില്‍ ഉണ്ടാക്കിയ സാധനങ്ങളുടെ കാര്യത്തില്‍ ഇത്തരം പേടികള്‍ വേണ്ട. അവയില്‍ പൊട്ടലുകളൊന്നും ഉണ്ടാകില്ല.

2. വീടിന്റെ വലുപ്പവും ഫർണിച്ചർ ഇടാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ ആകൃതിയും -

ഇവ രണ്ടും മനസ്സിൽ കണ്ടു കൊണ്ട് മാത്രം , ഫർണിച്ചർ വാങ്ങാനായി പുറപ്പെടുക. വാങ്ങുന്ന ഫർണിച്ചർ സ്ഥലത്തിനു കൃത്യമായി ഫിറ്റ്‌ ആകുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണം.

3. മെറ്റീരിയൽ മുൻകൂട്ടി അറിയുക -

മരത്തടിയിൽ തീർത്ത ഫർണിച്ചർ വേണോ അതോ മറ്റേതെങ്കിലും മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിച്ച ഫർണിച്ചർ വേണോ എന്നത് മുൻകൂട്ടി തീരുമാനിക്കുക. കാരണം, വീട്ടിലെ കൂടുതൽ ഉപകരണങ്ങളും ഏത് മെറ്റീരിയൽ ഉപയോഗിച്ചാണോ നിർമ്മിച്ചത്, അത് തന്നെ വാങ്ങാൻ ശ്രദ്ധിക്കുക

4. കുഷ്യന്‍ ക്വാളിറ്റി നോക്കുക -

അരികുകള്‍ വ്യക്തമായി അറിയാനാകുന്ന കട്ടിയുള്ള കുഷനുകള്‍ ഗുണമേന്മയുള്ളതാണെന്ന്‌ ഉറപ്പിക്കാം. തയ്യലുകൾ പെട്ടന്ന് പൊട്ടി പോകുന്ന രീതിയിലുള്ള കുഷിനുകൾ വാങ്ങാതിരിക്കുക. മികച്ച നിലവാരമുള്ള കുഷന്‍ പതുപതുത്തതും നല്ല ആകൃതിയോട്‌ കൂടിയതും ആയിരിക്കും. നന്നായി തയ്‌ക്കാത്ത കുഷനില്‍ നിന്ന്‌ സാധനങ്ങള്‍ പുറത്തുവരും.

5. മറുവശവും പ്രധാനം -

ഫര്‍ണിച്ചര്‍ തിരിച്ചിട്ടോ അല്ലാതെയോ അടിവശം പരിശോധിക്കുക. അയഞ്ഞ സ്‌ക്രൂകള്‍, ശരിയായ രീതിയിലല്ലാത്ത തയ്യല്‍, ആവരണമില്ലാത്ത സ്‌പ്രിങുകള്‍ തുടങ്ങിയ തുടക്കത്തിലെ ഒഴിവാക്കുക

6. സസൂക്ഷ്മം നിരീക്ഷിക്കുക -

മികച്ച ഫിനിഷിംഗ്‌, വെല്‍ഡിംഗ്‌, ശ്രദ്ധയോടെ വച്ചുപിടിപ്പിച്ച വക്കുകള്‍ മുതലായവ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് .നട്ടുകളും സ്‌ക്രൂകളും ഫര്‍ണിച്ചറിന്റെ നിറത്തിന്‌ അനുയോജ്യമായ പെയിന്റ്‌ അടിച്ച്‌ മറച്ചിരിക്കും.ഇത് പ്രത്യേകം പരിശോധിക്കുക.