ആന്തൂറിയവും ഓര്‍ക്കിഡും യൂഫോര്‍ബിയയും നിറഞ്ഞുനില്‍ക്കുന്ന പൂന്തോട്ടം. ഇതിനോടു ചേര്‍ന്നു കൊച്ചു വെള്ളച്ചാട്ടവും കല്ലുകള്‍ പാകിയ, അരികില്‍ പച്ചപ്പുല്ലുകള്‍ പിടിപ്പിച്ച ലോണുമൊക്കെയായി സുന്ദരമായ വീടുകള്‍ നിര്‍മിക്കാന്‍ ഇഷ്ടപ്പെടുന്നവരാണേറെയും. എന്നാല്‍ വീടിന്‍റെ പുറംമോടി പോലെ തന്നെയാണ് വീടിന്‍റെ അടുക്കളയും കിടപ്പുമുറിയും ഡൈനിങ് മുറിയുമെല്ലാം. അകത്തളങ്ങളിലെ ഫര്‍ണിച്ചറുകള്‍ക്കും ചുമരുകളിലെ പെയ്ന്‍റിനും നല്‍കുന്ന പ്രാധാന്യം തന്നെയാണിന്ന് മുറികളിലെ ലൈറ്റ് സംവിധാനങ്ങള്‍ക്കും നല്‍കുന്നത്.

 

 

ഗൃഹം ആകര്‍ഷകമാക്കാന്‍ ലൈറ്റുകള്‍

വീടുകള്‍ സുന്ദരമാക്കാന്‍ എത്ര പണം ചെലവാക്കാനും എല്ലാവരും തയാറാണ്. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരു സ്വപ്നഗൃഹമുണ്ടാകും. ആ സ്വപ്നഗൃഹം ആകര്‍ഷകമാക്കാന്‍ ഇനി ആകര്‍ഷകമായ ലൈറ്റുകള്‍ ഒരുക്കാം. വീട് സുന്ദരമാക്കാന്‍ എത്ര വില കൂടിയ ലൈറ്റുകള്‍ ഉപയോഗിക്കാനും ഒരുക്കമുള്ളവരാണ്. എന്നാല്‍ ഒരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. വൈദ്യുതി ചാര്‍ജ് വര്‍ധിക്കാതെ നോക്കണമെന്നതു തന്നെ. അതുകൊണ്ടു തന്നെ എല്‍ഇഡി ലൈറ്റുകളോട് എല്ലാവര്‍ക്കും ഇഷ്ടക്കൂടുതല്‍. വൈദ്യുതിലാഭവും ചെലവും കുറവാണ്. ആകര്‍ഷകമായ ഡിസൈനുകളില്‍ എല്‍ഇഡി ലൈറ്റുകള്‍ വിപണയില്‍ ലഭ്യമാണ്.

സാധാരണ വീടുകളില്‍ ഉപയോഗിക്കുന്ന ട്യൂബ്ലൈറ്റുകള്‍ നല്ല പ്രകാശം നല്‍കും. വൈദ്യൂതിയും ഏറെ ആവശ്യം വരുന്നില്ല. എങ്കിലും ട്യൂബ്ലൈറ്റുകളോടുള്ള പഴയ പ്രിയം കുറഞ്ഞു വരികയാണെന്നു പറയുന്നു ലൈറ്റിങ് ആപ്ലിക്കേഷന്‍സ് സ്പെഷലിസ്റ്റ് വിനീത് രാജന്‍. ഉപയോഗ്യശൂന്യമായ ട്യൂബ്ലൈറ്റുകളുടെ സംസ്ക്കരണമാണ് അവയെ ഉപേക്ഷിക്കാനുള്ള പ്രധാന കാരണം. ഇതിലടങ്ങിയിരിക്കുന്ന മാരകമായ മെര്‍ക്കുറി ഹാനികരമാണ്.

ആകൃതിയും വലിപ്പത്തിലുമുള്ള ലൈറ്റുകള്‍

പഴയ കാലത്തില്‍ നിന്നു വ്യത്യസ്തമായി പല ആകൃതിയിലും വലിപ്പത്തിലുമുള്ള ലൈറ്റുകള്‍ വിപണിയില്‍ ലഭ്യം. വലിയ പൂക്കളും ചെറിയ പൂക്കളും ഇളം നിറങ്ങളിലും കടും വര്‍ണങ്ങളിലുമൊക്കെ ലൈറ്റുകള്‍ ലഭ്യമാണ്. ഇത്തരത്തിലുള്ള ഒത്തിരി ഫാന്‍സി ലൈറ്റുകളും വിപണിയിലുണ്ട്. പുത്തന്‍ ഡിസൈനില്‍, ആകര്‍ഷകമായ ലൈറ്റുകള്‍ ഏറെയുണ്ട് വിപണയില്‍. സിഎല്‍എഫ് ലൈറ്റുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. സിഎല്‍എഫ് ലൈറ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് കുറവാണെന്നതും അവയെ പ്രിയങ്കരമാക്കുന്നു.

ഏറ്റവും ലേറ്റസ്റ്റ് ട്രെന്‍റ് ഹിഡന്‍ ലൈറ്റുകളാണ്. മുറിയില്‍ ആവശ്യത്തിന് വെളിച്ചം ലഭിക്കുക മാത്രമല്ല വ്യത്യസ്തമായ ഒരു ന്യൂ ലുക്കും സമ്മാനിക്കുന്നുണ്ട് ഹിഡന്‍ ലൈറ്റുകള്‍. മുറിയില്‍ വെളിച്ചമുണ്ടാകും, എന്നാല്‍ ലൈറ്റ് എവിടെയാണ് ഘടിപ്പിച്ചിരിക്കുന്നതെന്നതു തിരിച്ചറിയാന്‍ സാധിക്കില്ലെന്നതാണ് ഹിഡന്‍ ലൈറ്റിന്‍റെ സവിശേഷത. ഏതാണ്ട് രണ്ട് വര്‍ഷം മുന്‍പാണ് ഹിഡന്‍ ലൈറ്റുകളെത്തുന്നത്.

 

 

പുത്തന്‍ ട്രെന്‍ഡായി പെന്‍ഡന്‍റ് ലൈറ്റുകള്‍

പെന്‍ഡന്‍റ് ലൈറ്റുകളും പുത്തന്‍ ട്രെന്‍ഡിയാണ്. ഡൈനിങ് ടേബിളിനു മുകളില്‍ കൈ എത്തിപ്പിടിക്കാവുന്ന ഉയരത്തില്‍ തൂങ്ങിക്കിടക്കുന്ന മൂന്നോ നാലോ ലൈറ്റുകള്‍ അടങ്ങുന്ന പെന്‍ഡന്‍റാണിത്. മുറിക്കുള്ളിലാകെ പ്രകാശം നല്‍കാന്‍ ഒന്നോ രണ്ടോ ലൈറ്റുകള്‍ വേറെയും നല്‍കാം. എന്നാല്‍ വിരുന്ന് ആരംഭിക്കുമ്പോള്‍ മറ്റു ലൈറ്റുകളൊക്കെ ഓഫാക്കിയിട്ട് ഡൈനിങ് ടേബിളിനു മുകളിലെ പെന്‍ഡന്‍റ് ലൈറ്റ് മാത്രം തെളിയിച്ചിടുക. ആ മുറിയിലാകെ ഒരു രാജകീയപ്രൗഢി നിറയും. മെഴുകുതിരികള്‍ മാത്രം കത്തിച്ചാലും ഈ വെട്ടം തന്നെയാണു ലഭിക്കുക. എന്നാല്‍ വൃത്തിയാക്കുന്നതിലും കൃത്യസ്ഥാനം സൂക്ഷിക്കുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ കാരണം പലരും മെഴുകുതിരി വെട്ടത്തെ വീടുകളില്‍ പ്രോത്സാഹിപ്പിക്കാറില്ല. റസ്റ്ററന്‍റുകളിലാണ് മെഴുകുതിരിയുടെ ഇത്തരി വെട്ടത്തിന് ആവശ്യക്കാരുള്ളത്. ഡൈനിങ് മുറിയിലെ വാഷ് ബേസിനു മുകളില്‍ പ്രത്യേക ആര്‍ഭാടങ്ങളൊന്നുമില്ലാതെ ചെറിയൊരു വെട്ടത്തിനായി കൊച്ചു ലൈറ്റു കൂടി കൊടുക്കാറുണ്ട്.