വീട്ടിലൊരു കളിത്തൊട്ടില്‍
വര്‍ണപ്പൊട്ടുകള്‍ വാരിയെറിഞ്ഞതാണ് കുട്ടികളുടെ ജീവിതം. മഞ്ചാടിയും ചായക്കൂട്ടുകളും നിറഞ്ഞിരിക്കും കുട്ടികളുടെ പരിസരം. അപ്പോള്‍ വീട്ടിലവര്‍ക്ക് സ്വന്തമായൊരിടവും ആവശ്യമല്ലേ? വായനയ്ക്കും ടി.വി. കാണാനും ആരാധനയ്ക്കുമൊക്കെ പ്രത്യേക ഇടങ്ങള്‍ ഒരുക്കുന്നതുപോലെ കുട്ടികള്‍ക്ക് വീട്ടിലൊരു മുറി ഒരുക്കുന്നതാണ് പുതിയരീതി. കുട്ടികള്‍ക്ക് പ്രായമായാലും ഉപയോഗിക്കാവുന്ന തരത്തിലാവണം മുറിയൊരുക്കേണ്ടത്.
കുഞ്ഞുങ്ങളുടെ മുറികള്‍ പക്ഷേ, സൗകര്യങ്ങളില്‍ കുഞ്ഞായിരിക്കരുത്. മുറിക്ക് സാമാന്യം വിശാലത വേണം. കാറ്റും വെളിച്ചവും പ്രവേശിക്കുന്ന വിധത്തിലാവണം നിര്‍മാണം. കുട്ടികള്‍ക്ക് പ്രത്യേകമുറി ഒരുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന്റെ പ്ലാനിങ് വീടിന്റെ നിര്‍മാണഘട്ടത്തില്‍തന്നെ തുടങ്ങണം. കുട്ടികള്‍ നാളെ വലുതാകാനുള്ളവരാണെന്ന ബോധ്യത്തില്‍ നിന്നുവേണം കിഡ്‌സ്‌റൂം ഒരുക്കാന്‍. കുട്ടികള്‍ക്ക് 14-15 വയസ്സാകുന്നതുവരെയേ കുഞ്ഞുമുറികള്‍ക്ക് ആയുസ്സുള്ളൂ. നിസ്സാരമായതും ചെലവ് കുറഞ്ഞതുമായ മാറ്റങ്ങളിലൂടെ കുഞ്ഞുമുറികള്‍ക്ക് രൂപമാറ്റം വരുത്താന്‍ കഴിയണം. രൂപമാറ്റം വരുത്താവുന്ന ഫര്‍ണിച്ചറുകളും സ്ഥിരസ്വഭാവമില്ലാത്ത ഇന്റീരിയറുമാണ് കുഞ്ഞുമുറികളില്‍ അഭികാമ്യം.
കുഞ്ഞിനായി ഏതു പ്രായത്തില്‍ മുറിയൊരുക്കണം എന്നതും പ്രധാനമാണ്. കുട്ടി കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ പ്രാപ്തമാവുമ്പോള്‍ അവര്‍ക്ക് സ്വന്തമായി മുറിയൊരുക്കാം. ഇളംപ്രായത്തില്‍തന്നെ വീട്ടില്‍ തനിക്കൊരു മുറി കിട്ടിയാല്‍ ആ വീടിനോടവര്‍ക്ക് വല്ലാത്തൊരു ഹൃദയബന്ധം ഉണ്ടാകും. വളരുമ്പോള്‍ കുട്ടിമുറി ടീനേജ് മുറിയാക്കാന്‍ കഴിയുന്ന വിധമാകണം സജ്ജീകരണങ്ങള്‍.
ഫര്‍ണിച്ചര്‍
കുട്ടികളുടെ മുറി മോടിപിടിപ്പിക്കാന്‍ പ്രത്യേക ഫര്‍ണിച്ചറുകള്‍ വിപണിയിലുണ്ട്. പല ഫര്‍ണിച്ചര്‍ ഷോറൂമുകളിലും കുട്ടികളുടെ ഫര്‍ണിച്ചറുകള്‍ക്കുവേണ്ടിയുള്ള പ്രത്യേക വിഭാഗംതന്നെയുണ്ട്. പടികള്‍ ചവുട്ടി മുകളിലെത്താവുന്ന ഡബിള്‍ഡക്കര്‍ കട്ടില്‍ ഇക്കൂട്ടത്തില്‍ പുതിയതാണ്. കട്ടിലിനു താഴെയുള്ള ഭാഗത്ത് കംപ്യൂട്ടര്‍ ടേബിള്‍, ചെറിയ മേശ, അലമാര എന്നിവ പിടിപ്പിക്കാം. ആകര്‍ഷകമായ നിറങ്ങളില്‍ ഇവ ലഭിക്കും. കുട്ടികളുടെ ഫര്‍ണിച്ചറുകള്‍ കൂടുതലായി പ്ലാസ്റ്റിക്ക്, തടി, സ്റ്റീല്‍ എന്നിവകൊണ്ടാണ് ഉണ്ടാക്കുന്നത്. ട്രീറ്റഡ് വുഡ്‌കൊണ്ടുള്ള ഫര്‍ണിച്ചറുകളും ഉപയോഗത്തിലുണ്ട്. വില കൂടുമെങ്കിലും തടിയും സ്റ്റീലും കൂടുതല്‍ കാലം ഈടുനില്‍ക്കും.
അധികം ഉയരം പാടില്ല, കൂര്‍ത്ത അറ്റങ്ങളും മൂലകളും ഒഴിവാക്കണം, ഭാരം കൂടരുത് ഈ മൂന്ന് കാര്യങ്ങള്‍ മനസ്സില്‍വെച്ചാണ് കുട്ടികള്‍ക്കായി ഫര്‍ണിച്ചര്‍ തിരഞ്ഞെടുക്കേണ്ടത്. പഠിക്കാനുള്ള സ്റ്റഡി ടേബിളും ഉയരം കുറഞ്ഞ കസേരയും കിഡ്‌സ്‌റൂമില്‍ വെക്കാം. പുസ്തകങ്ങള്‍ അടുക്കിവെക്കാനുള്ള ഷെല്‍ഫുകളും കൊടുക്കാം. വളരുന്ന പ്രായത്തിനനുസരിച്ച് ആവശ്യങ്ങളും വ്യത്യാസപ്പെട്ടിരിക്കും. കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ക്കും വര്‍ണപുസ്തകങ്ങള്‍ക്കുംവേണ്ടി നിര്‍മിച്ച കബോര്‍ഡുകളും തട്ടുകളും പിന്നീട് പുസ്തകങ്ങളും ബാഗുകളും വെക്കാന്‍ ഉപയോഗപ്പെടുത്താവുന്നതേയുള്ളു. ഉറപ്പിക്കുന്ന തട്ടുകളേക്കാള്‍ ഇളക്കി മാറ്റാവുന്നതും രൂപം മാറ്റാവുന്നതുമായവയാണ് നല്ലത്. കബോര്‍ഡുകള്‍ വിവിധ നിറത്തിലായാല്‍ കൂടുതല്‍ ആകര്‍ഷകമാകും. കുട്ടിയുടെ ഇഷ്ടമറിഞ്ഞ് ആ നിറത്തിലുള്ള പെയിന്റ് ഉപയോഗിക്കാം.